
കേരളത്തില്‍ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സാക്ഷരതയും വിദ്യാഭ്യാസവും തമ്മില്‍ വ്യത്യാസമുണ്ട്. വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നു. മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ് വിദ്യാഭ്യാസമെന്നും ഗവര്‍ണര്‍ പറഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടന് സുഹൃദ്സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതിപര്‍വം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഇതിലൂടെ ഉണ്ടാകും. വിദ്യാഭ്യാസം ജ്ഞാനോദയമാണ്. സമൂഹത്തിന് ഇത് ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബൗദ്ധികസമൂഹമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. നിരാശ ബാധിച്ചവര്‍ക്ക് അടുത്ത ചുവടിനുള്ള ഊര്‍ജം തരാന്‍ സംഗീതത്തിനു സാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഗീതസംവിധായകന് വിദ്യാധരനെ പോലുള്ളവര്‍ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത്. സംഗീതത്തിന്റെ ഈ വഴികളില്‍ പുരസ്കാരങ്ങള്‍ സ്വാഭാവികമായി വന്നുചേരും. മാടമ്പ് കുഞ്ഞുകുട്ടന് സ്മാരക സംസ്കൃതി പുരസ്കാരം ഗവര്‍ണര്‍ വിദ്യാധരന് സമ്മാനിച്ചു