KeralaNews

നിലമ്പൂര്‍ വൈദ്യുതി അപകടം; ഏഴുമാസം മുന്‍പ് അറിയിച്ചു എന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി

വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിര്‍മ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാപരമല്ലെന്ന് കെഎസ്ഇബി , കെഎസ്ഇബി വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

തോട്ടിയില്‍ ഘടിപ്പിച്ച വയര്‍ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിനു കാരണമായതെന്നും കെഎസ്ഇബി പറഞ്ഞു. വനാതിര്‍ത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടല്‍ ദുഷ്‌കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെഎസ്ഇബി ജീവനക്കാര്‍ക്ക് സ്വമേധയാ ഇത്തരം മോഷണങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളു.

വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button