KeralaNews

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച ഇന്ന്; മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുഹമ്മദ് റിയാസും ചർച്ചയിൽ പങ്കെടുക്കും

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. ദേശീയപാത നിർമ്മാണത്തിലെ വിവാദങ്ങൾക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.ച‍ർച്ചയിൽ പിണറായിക്കൊപ്പം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും. ഇന്ന് ഉച്ചക്കാണ് കൂടിക്കാഴ്ച. ദേശീയ പാതാ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം ഉന്നയിക്കും. കൂടാതെ ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയും തുടര്‍ന്നുള്ള വിവാദങ്ങളുമടക്കം ചര്‍ച്ചയാകും. അതേസമയം,ദേശീയ പാതകളുടെ പുനര്‍നിര്‍മാണം എത്രയുംവേഗം തീര്‍ക്കാന്‍ കേരളം ദേശീയ പാതാ അതോറിറ്റിയോട് ആവശ്യപ്പെടും. ദേശീയപാത അതോറിറ്റി ചെയര്‍മാന് സന്തോഷ്കുമാർ യാദവുമായുള്ള ചര്‍ച്ചയിലാണ് ചീഫ് സെക്രട്ടറി എ ജയതിലക് ഇക്കാര്യം ഉന്നയിക്കുക.

ദേശീയപാതകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താന് കഴിഞ്ഞ ദിവസമാണ് സന്തോഷ് കുമാര് യാദവ് കേരളത്തിലെത്തിയത്. കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലെ ദേശീയ പാത നിര്‍മാണ മേഖലകളില് അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റെയിൽവേ വികസനത്തിൽ കേരളത്തിന്‍റെ വിവിധ ആവശ്യങ്ങൾ കൂടികാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.

കേരളത്തിൽ‌ വടക്ക് മുതല്‍ തെക്ക് വരെ മൂന്നും നാലും റെയില്‍വേ പാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്അങ്കമാലി-എരുമേലിപദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button