KeralaNews

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ; പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ ഒട്ടും പ്രയാസപ്പെടേണ്ടതില്ലെന്നും അവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി സേവ് എ ഇയര്‍ (SAY)/ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 30,145 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 39,242 ആയിരുന്നു. ഇത്തവണ 9,097 എണ്ണത്തിന്റെ കുറവ് ഉണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

2025 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ആകെ 2002 സ്‌കൂളുകളില്‍ നിന്ന് റഗുലര്‍ വിഭാഗത്തില്‍ 3,70,642 പേര്‍ പരീക്ഷ എഴുതി. പരീക്ഷയില്‍ 2,88,394 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. വിജയം 77.81 ശതമാനം. മുന്‍ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു. വ്യത്യാസം 0.88 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി.

ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. ആളുകളുടെ വിജയ ശതമാനം 68.44 ശതമാനമാണ്. എന്നാല്‍ പെണ്‍കുട്ടികളുടേത് 86.65 ശതമാനമാണെന്നും മന്ത്രി അറിയിച്ചു. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. 83.09 ശതമാനം. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസര്‍കോട് ആണ്. 71.09 ശതമാനം.

നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്. 64,426 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് ആണ്. 9,440 വിദ്യാര്‍ഥികളാണ് വയനാട് ജില്ലയില്‍ പരീക്ഷ എഴുതിയതെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button