Kerala

ദളിത് യുവതിക്കെതിരെ വ്യാജകേസ് ചുമത്തിയ സംഭവം; കൂടുതല്‍ പോലീസുകാര്‍ കുറ്റക്കാര്‍

മാലമോഷ്ടിച്ചു എന്നാരോപിച്ച് ബിന്ദു എന്ന ദളിത് യുവതിയെ കേസില്‍ക്കുടുക്കി പോലീസ് സ്‌റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പോലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ എസ്‌ഐയെ ഇന്നലെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പുറമേ തിരുവന്തപുരം കന്റോണ്‍മെന്റ് എസി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പോലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

അനധികൃതമായി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത് രാത്രി തെളിവെടുപ്പിന് കൊണ്ടുപോയ രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മോഷണക്കേസിലെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇന്ന് നടപടികള്‍ സ്വീകരിക്കും.

ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടും എഫ്‌ഐആര്‍ റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ബിന്ദുവിനെതിരെ പരാതിനല്‍കിയ വീട്ടമ്മക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി വൈകിപ്പിച്ചു. എസ് സി എസ്ടി , വ്യാജ പരാതി അടക്കമുള്ള വകുപ്പുകള്‍ ചുമത്താമായിരിന്നിട്ടും പൊലീസ് അനങ്ങിയില്ല. സംഭവത്തില്‍ ശംഖുമുഖം എസിപിയുടെ നേതൃത്വത്തിലുള്ള വകുപ്പ് തല അന്വേഷണം നടക്കുകയാണ്. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നല്‍കാനാണ് നിര്‍ദേശം.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണമാല മോഷ്ടിച്ചതെന്നാരോപിച്ച് പൊലീസ് ദളിത് യുവതി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. മാല മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍മക്കളെയും കേസില്‍ ഉല്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതായാണ് ബിന്ദുവിന്റെ ആരോപണം. ഒടുവില്‍ മാല ഉടമസ്ഥയുടെ വീട്ടില്‍ നിന്നും ലഭിച്ചതോടെ ബിന്ദുവിനെ പോലീസ് വിട്ടയക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button