Crime

രേഷ്മ തിരോധാന കേസ്: 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ സര്‍ക്കാരി മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എം സി രേഷ്മ (17) തിരോധാനക്കേസില്‍ പ്രതിയെ 15 വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് ബിജു നേരത്തേ മൊഴി നല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോള്‍ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതില്‍നിന്നു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ അത് രേഷ്മയുടേതാണെന്നു തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

2010 ജൂണ്‍ 6നാണ് ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് പിതാവ് എം സി രാമന്‍ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി.

2021ല്‍ ഹേബിയസ് കോര്‍പസ് ആയി ആദ്യകേസ് ഫയല്‍ ചെയ്തു. 2022 വരെ കേസ് തുടര്‍ന്നു. എന്നാല്‍ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് 2023ല്‍ വീണ്ടും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനാകാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് കുടുംബം വീണ്ടും കോടതിയില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്. 2024 ഡിസംബര്‍ 9ന് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

2021ല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് കേരള പട്ടിക ജാതി സമാജം (കെപിജെഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള സമയങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാന്‍ പ്രതിയുടെ പാസ്പോര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button