National

ജവാന്‍ പൂര്‍ണം ഷായുടെ മോചനത്തില്‍ അവ്യക്തത തുടരുന്നു; പ്രതീക്ഷയോടെ കുടുംബം

ദില്ലി: സംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷായുടെ മോചനത്തില്‍ അവ്യക്തത തുടരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനെ പ്രതീക്ഷ കാണുകയാണ് ഷായുടെ കുടുംബം. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

പഗല്‍ഗാം ഭീക്രരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷാ പാക് റേഞ്ചേഴ്‌സിന്റെ പിടിയിലായത്. പഞ്ചാബിലെ ഫിറോസ് പൂരില്‍ കിസാന്‍ ഗാര്‍ഡ് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ജവാനെ പാക് റേഞ്ചേഴ്‌സ് പിടികൂടി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലുളള ഷായുടെ ചിത്രവും പാകിസ്ഥാന്‍ പുറത്തുവിട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 3 തവണ നടന്ന ഫ്‌ളാഗ് മീറ്റിങ്ങിനിടെ ജവാന്റെ മോചനം ചര്‍ച്ച ചെയ്തിരുന്നു. അതിര്‍ത്തി അശാന്തമായതോടെ ചര്‍ച്ച നിലച്ചു. ഷായെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഗര്‍ഭിണിയായ ഭാര്യ രജനി ഷായും എഴ് വയസുളള മകനും മറ്റു കുടുംബാംഗങ്ങളും പഞ്ചാബ് അതിര്‍ത്തിയായ പഠാന്‍കോട്ടില്‍ എത്തിയിരുന്നു. ഭര്‍ത്താവിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച രജനി മോചന ചര്‍ച്ചകളുടെ പുരോഗതി അറിയിക്കുന്നില്ലെന്നും പരാതിപ്പെട്ടു.

ആധിയിലായ ഷായുടെ കുടുംബത്തിന് പ്രതീക്ഷയുടെ വെളിച്ചമേകുകയാണ് ഓപറേഷന്‍ സിന്ധൂരിന് ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ. പശ്ചിമ ബംഗാളിലെ ഹുഗ്ലി സ്വദേശിയായ ജവാനുവേണ്ടി സമ്മര്‍ദവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസും മോചനം ഉടന്‍ സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും സൈനികതല ചര്‍ച്ച പുനരാരംഭിച്ചതോടെ ഷായുടെ തിരിച്ചുവരവ് വൈകില്ലെന്നാണ് കുടുംബത്തിന്റെ കണക്കൂ കൂട്ടല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button