നിരവധിപ്പേര്‍ പാകിസ്താനിലേക്ക് മടങ്ങി, മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രാജ്യത്ത് ഐക്യം രൂപപ്പെട്ടു: എ പി അബ്ദുള്ളക്കുട്ടി

0

പാക് പൗരന്മാര്‍ തിരികെ മടങ്ങുന്ന വിഷയത്തില്‍ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രാജ്യത്ത് ഐക്യം രൂപപ്പെട്ടിട്ടുണ്ട്. ഇതിനോടകം നിരവധിപേര്‍ പാകിസ്താനിലേക്ക് മടങ്ങിയിട്ടുണ്ട്. വിസയുമായി ബന്ധപ്പെട്ട നൂലാമാലകള്‍ പലരുടെയും കാര്യത്തില്‍ തുടരുന്നുണ്ട്. അക്കാര്യം വിശദമായി പരിശോധിക്കണം. കൊയിലാണ്ടിയിലെ ഹംസയുടെ കാര്യം തനിക്ക് അറിയില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്താന്‍ പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായാണ് കൊയിലാണ്ടി പുത്തന്‍പുര വളപ്പില്‍ ഹംസക്കും നോട്ടീസ് ലഭിച്ചത്. ഏപ്രില്‍ 27 നകം രാജ്യം വിടണം എന്നായിരുന്നു ഉത്തരവ്. ഹംസ ജനിച്ചത് കൊയിലാണ്ടിയിലാണ്. എന്നാല്‍ ജോലി തേടി 1972-ല്‍ ധാക്ക വഴി പാകിസ്താനിലെ കറാച്ചിയിലേക്ക് പോയി. സഹോരദരനും അവിടെയായിരുന്നു. ചായക്കടയിലും മറ്റും തൊഴിലെടുത്തായിരുന്നു ജീവിച്ചത്. 1975-ല്‍ റെഡ് ക്രോസ് വിസയില്‍ കേരളത്തില്‍ വന്നു.

നാട്ടിലേക്ക് വരാന്‍ പാകിസ്താന്‍പാസ്‌പോര്‍ട്ട് എടുത്തതോടെ പാകിസ്താന്‍ പൗരനായി ഹംസ മാറി. നാട്ടില്‍ നില്‍ക്കാനുള്ള താത്കാലിക അനുമതി നീട്ടി വാങ്ങിയാണ് ഇത്രയും കാലം ഇവിടെ കഴിഞ്ഞത്. അതിനിടെ ആധാര്‍കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും എടുത്തിരുന്നു. പിന്നീടത് റദ്ദ് ചെയ്യുകയും അത് സംബന്ധിച്ച കേസ് നടക്കുകയുമാണ്. ഇതിന്റെ ഭാഗമായുള്ള ഇടക്കാല ഉത്തരവില്‍ ഹംസയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസിന് മുന്നില്‍ ഹാജരാവുകയും വേണം. പാസ്‌പോര്‍ട്ട് പൊലീസിന്റെ കയ്യിലാണ്. ഹംസയ്ക്ക് പാകിസ്താനില്‍ ആരുമായും ബന്ധമില്ല

അതേസമയം, കേരളത്തില്‍ 104 പാകിസ്താന്‍ പൗരന്മാര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍, ഇതില്‍ 45 പേര്‍ക്ക് ദീര്‍ഘകാല വിസയുണ്ട്.നോട്ടീസ് ലഭിച്ചവര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നോട്ടീസ് പിന്‍വലിച്ചത്. താത്ക്കാലിക വിസയില്‍ കേരളത്തില്‍ കഴിഞ്ഞവര്‍ ഇതിനകം തിരിച്ചുപോയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here