വിവാദങ്ങള്‍ക്കിടെ എഡിജിപി എം.ആര്‍ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. ഡിജിപിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാര്‍ശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശിപാര്‍ശ തള്ളിയത്. രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഡിജിപിയുടെ ശിപാര്‍ശ എത്തിയിരിക്കുന്നത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്നോടിയായാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ എം.ആര്‍ അജിത് കുമാറിന് ലഭിച്ചിരുന്നു.
നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഡിജിപിയുടെ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് ശിപാര്‍ശയില്‍ സൂചിപ്പിച്ചിരുന്നു. നേരത്തെ പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയതിന് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാര്‍ശ ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ പി വിജയന് ബന്ധം ഉണ്ടെന്നു ആരോപിച്ചായിരുന്നു അജിത് കുമാറിന്റെ മൊഴി. സിവില്‍,ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാര്‍ശ.