രാഹുല്‍ മാങ്കൂട്ടത്തിനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

0

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ പറഞ്ഞു. രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഭീഷണി മുഴക്കി.

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിനിടെയാണ് വീണ്ടും ഭീഷണി. നേരത്തെ ഡിസിസി ഓഫീസ് മാര്‍ച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎല്‍എയുടേതെന്നും ഭിന്നശേഷി വിദ്യാര്‍ഥികളെ അപമാനിക്കുകയാണ് എംഎല്‍എയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

അതേസമയം, ബിജെപി ഭീഷണിക്ക് നേരെ രാഹുല്‍ മാങ്കൂട്ടത്തിലും മറുപടിയുമായി എത്തി. എന്റെ കാല് വെട്ടാനുള്ള പാങ്ങ് ബിജെപിക്കില്ല. ഇപ്പോഴും കാലുകുത്തിയാണ് നടക്കുന്നതെന്നും തലയാണ് വേണ്ടതെങ്കില്‍ തല നീട്ടിവെച്ച് കൊടുക്കുമെന്നും എന്നാലും മാപ്പ് പറയാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞു. ഭിന്നശേഷി പദ്ധതിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സമരം ചെയ്ത സിപിഐഎമ്മും ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ബിജെപി അതിവൈകാരികത കുത്തിയിളക്കുകയാണെന്നും നൈപുണ്യ കേന്ദ്രത്തിന് ഡോ. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് ഇട്ടതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കലിടല്‍ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയില്‍ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here