പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

0

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു.

തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പട്ടികാട് സ്വദേശിനി എറിന്‍ (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന്‍ (16) മരിച്ചിരുന്നു.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലീന പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിന് എത്തിയ വിദ്യാര്‍ത്ഥിനികള്‍ റിസര്‍വോയര്‍ കാണാനെത്തിയതായിരുന്നു.

ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here