Kerala

15,000 പാപ്പമാര്‍ നഗരത്തിൽ ഇറങ്ങും; തൃശൂരില്‍ ഇന്ന് ഗതാഗതനിയന്ത്രണം, ഡ്രോണ്‍ ചിത്രീകരണത്തിന് നിരോധനം

അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബോണ്‍ നതാലെ ഇന്ന് തൃശൂര്‍ നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളില്‍ നിന്നായുള്ള 15,000 പാപ്പമാര്‍ നഗരം നിറയും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ബോണ്‍ നതാലെ നടത്തുന്നത്. ബോണ്‍ നതാലെയോടനുബന്ധിച്ച് ഇന്ന് തൃശൂരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശൂര്‍ നഗരപ്രദേശങ്ങളിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സുരക്ഷാനിയന്ത്രണങ്ങളോട് അനുബന്ധിച്ച് 27ന് രാവിലെ എട്ട് മണി മുതല്‍ 28ന് രാവിലെ എട്ട് മണിവരെ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങള്‍ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആര്‍പിഎസ് പറഞ്ഞു. ഈ മേഖലകളില്‍ ഡ്രോണ്‍ കാമറകളുടെ ചിത്രീകരണം പൂര്‍ണമായും നിരോധിച്ചു.

ഡ്രോണ്‍ കാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2021ലെ ഡ്രോണ്‍ റൂളിലെ റൂള്‍ 24(2) പ്രകാരം ഡ്രോണ്‍ നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക മേഖലയിലെ ഡ്രോണ്‍ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുകയാണ് ഈ റൂള്‍ പ്രകാരം ചെയ്യുന്നത്. ഏതെങ്കിലും തരത്തില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐ പി എസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button