International

അബ്ദുള്‍ റഹീമിന്റെ മോചനം വൈകും, കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു

സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്‍ റഹീമിന്റെ മോചനം നീണ്ടത്. ഇതിനിടെ അബ്ദുല്‍ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും റിയാദിലെ ജയിലില്‍ എത്തി റഹീമിനെ കണ്ടിരുന്നു.

2006 നവംബര്‍ 28ന് 26ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button