Kerala

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് 154 പേർക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴി വച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ കേരളത്തിലെയും കർണാടകയിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഉത്തരകേരളത്തിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ ഉത്സവത്തിനിടയാണ് പടക്ക ശേഖരത്തിന് തീ പിടിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം എഴുന്നള്ളിപ്പ് കാണാനായി ക്ഷേത്ര പരിസരമാകെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി നിൽക്കുന്ന നേരത്തായിരുന്നു അപകടം. കളിയാട്ടത്തിനായി എത്തിച്ച പടക്കങ്ങളും പൂജാ ദ്രവ്യങ്ങളും അടക്കം സൂക്ഷിച്ചിരുന്ന കലവറ പൊടുന്നനെ ഉഗ്ര ശബ്ദത്തിൽ അഗ്നിഗോളമായി മാറുന്നതാണ് ക്ഷേത്രമുറ്റത്ത് നിന്നവർ കണ്ടത്. കലവറയ്ക്കുള്ളിലും ചുറ്റുപരിസരങ്ങളിലുമായി നിന്ന 150 ഓളം പേരാണ് പൊള്ളലേറ്റ് വീണത്. കലവറയ്ക്കുള്ളിൽ നിന്നവരിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. പരിഭ്രമിച്ചോടുന്നതിനിടെ തട്ടി വീണും നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 157 പേരിൽ 97 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button