National

ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി, തമിഴ്‌നാട് മന്ത്രിസഭയില്‍ പുനഃസംഘടന; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് ചുമതലയേല്‍ക്കും. നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രാജ്ഭവന്‍ അംഗീകാരം നല്‍കി. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകീട്ട് 3.30 ന് നടക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു.
കൈക്കൂലി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും മോചിതനായ വി സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും.

മുന്‍മന്ത്രി എസ് എം നാസര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് കോവിചെഴിയന്‍, ആര്‍ രാജേന്ദ്രന്‍ എന്നിവരാണ് പുതുതായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. കഴിഞ്ഞവര്‍ഷം നടത്തിയ പുനഃസംഘടനയിലാണ് നാസറിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയത്. ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തുന്ന ഉദയനിധിക്ക് നിലവില്‍ ചുമതല വഹിക്കുന്ന കായിക-യുവജനക്ഷേമ വകുപ്പുകള്‍ക്കു പുറമെ, ആസൂത്രണം, വികസനം എന്നീ വകുപ്പുകള്‍ കൂടി നല്‍കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ തീരുമാനം. 46-ാം വയസ്സിലാണ് ഉദയനിധി മന്ത്രിസഭയിലെ രണ്ടാമനായി ഉയര്‍ത്തപ്പെടുന്നത്. ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തെ തന്നെ അഭ്യൂഹം ഉയര്‍ന്നിരുന്നു.

ക്ഷീര വികസനമന്ത്രി മനോ തങ്കരാജ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ജിഞ്ചി കെ എസ് മസ്താന്‍, ടൂറിസം മന്ത്രി കെ രാമചന്ദ്രന്‍ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയത്. മന്ത്രിമാരുടെ വകുപ്പുകളിലും മുഖ്യമന്ത്രി മാറ്റം വരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയെ വനംവകുപ്പിലേക്ക് മാറ്റി. എന്‍ കായല്‍വിഴി സെല്‍വരാജിനെ മനുഷ്യവിഭവശേഷി വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button