Kerala

വയനാട്ടിൽ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചു

വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങള്‍, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കന്‍ പോക്‌സ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ആശുപത്രികളിലെത്തിച്ച മുഴുവന്‍ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. വയനാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഫോറന്‍സിക് സര്‍ജന്‍മാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാട് മേപ്പാടിയില്‍ ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചു. ഇതുകൂടാതെ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 140 മൊബൈല്‍ ഫ്രീസറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 210 മൃതദേഹങ്ങളും 135 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുള്‍പ്പെടെ 343 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തി. നടപടികള്‍ പൂര്‍ത്തിയാക്കി 146 പേരുടെ മൃതദേഹങ്ങള്‍ തിരിച്ച് നല്‍കാനായി.

ചികിത്സ, ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യം, മാനസികാരോഗ്യം, പകര്‍ച്ചവ്യാധി പ്രതിരോധം, പോസ്റ്റ്‌മോര്‍ട്ടം എന്നിവയാണ് ആരോഗ്യ വകുപ്പ് പ്രധാനമായും ഏകോപിപ്പിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡി.എന്‍.എ. പരിശോധന നടത്തി വരുന്നു. എല്ലാ ആശുപത്രികളിലും അധികമായി മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി അടിസ്ഥാനത്തില്‍ ക്യാമ്പുകളിലൂടെ മരുന്നുകള്‍ നല്‍കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി മരുന്നുകളും പരിചരണവും ഉറപ്പാക്കിയിട്ടുണ്ട്. ആയുഷ് വിഭാഗത്തിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 123 കൗണ്‍സിലര്‍മാരെ നിയോഗിച്ചു. കൗണ്‍സിലര്‍മാര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമേ ഇവര്‍ സേവനം നല്‍കാവൂ. ഇന്ന് 645 പേര്‍ക്ക് സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് നല്‍കി. വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം കണ്ടെത്തിയ 3 പേരെ അഡ്മിറ്റാക്കി. ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, വയോജനങ്ങള്‍, രോഗങ്ങളുള്ളവര്‍ എന്നിവരുടെ പരിചരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. സിക്കിള്‍ സെല്‍ അനീമിയ രോഗികളെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പോലീസിന്റെ സേവനം തേടിയിട്ടുണ്ട്. ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍, 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ക്യാമ്പുകളില്‍ സ്വകാര്യത ഉറപ്പാക്കി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ആര്‍ത്തവ ശുചിത്വത്തിനും പ്രാധാന്യം നല്‍കി ഇടപെടല്‍ നടത്തണം. ഇവയെല്ലാം പ്രത്യേകം ശ്രദ്ധിക്കാന്‍ വനിത ശിശുവികസന വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button