Loksabha Election 2024Politics

സിഎഎ: കേരളത്തില്‍ ബിജെപിയുടെ വിജയം പൂജ്യമാകും

തിരുവനന്തപുരം: പൗരത്വ ഭേദഗത നിയമം (CAA) പ്രാബല്യത്തില്‍ വന്നതോടെ കേരളത്തില്‍ ഒരിടത്തും ബിജെപി വിജയിക്കില്ലെന്ന് വിലയിരുത്തല്‍. കേന്ദ്രതീരുമാനം പുറത്തുവന്ന് മണിക്കുറൂകള്‍ക്കകം തന്നെ സിഎഎയെ പ്രധാന രാഷ്ട്രീയ വിഷയമാക്കി മാറ്റാന്‍ ഇടത് വലത് മുന്നണികള്‍ക്ക് സാധിച്ചിട്ടുണ്ട്.

ആര്‍ക്കാണ് ബിജെപി ബന്ധം കൂടുതല്‍ ശക്തം എന്നതിനെച്ചൊല്ലിയായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം പോരടിച്ചത്. എന്നാല്‍ ഇപ്പോള്‍, ബിജെപി വിരുദ്ധ നിലപാട് ശക്തമാക്കാനുള്ള അവസരമായാണ് ഇരുപാര്‍ട്ടികളും സിഎഎ വിജ്ഞാപനത്തെ കാണുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൗരത്വ ഭേദഗതി നിയമം (സിഎഎ) ചട്ടം വിജ്ഞാപനം ചെയ്തത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെങ്കിലും കേരളത്തില്‍ ഇത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

ഭരണ പ്രതിപക്ഷ സംഘടനകള്‍ സിഎഎ ചട്ടത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളമാകെ പ്രക്ഷോഭത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. വിഭാഗീയതയുടെ രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പില്‍ ബിജെപി പയറ്റുന്നത് എന്ന് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും ഒരുപോലെ പറയുമ്പോള്‍ ബിജെപി നേതാക്കള്‍ക്ക് കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ ആകുന്നില്ല.

മുസ്ലിം – ക്രിസ്ത്യന്‍ വോട്ടുകള്‍ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് എക്കാലവും കേരളത്തിലുള്ളത്. അതിനാല്‍ തന്നെ ബിജെപി നേതാക്കള്‍ എ ക്ലാസ് വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍ പോലും ഇനിയൊരു പ്രതീക്ഷക്ക് വകയില്ല. എന്നാല്‍, തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി സിഎഎ ചട്ടം വിജ്ഞാപനം ചെയ്തതിനെ അനുകൂലിച്ചും അത് രാജ്യത്തിന്റെ ആവശ്യമാണെന്നുമാണ് പ്രതികരിച്ചത്. വാഗ്ദാനങ്ങള്‍ നടപ്പാക്കി ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button