- പി.ജെ. റഫീക്ക്
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും കെ.എം എബ്രഹാം എന്ന വിശ്വസ്തന് ശമ്പളം ഓരോ വര്‍ഷവും കൂട്ടി കൊടുക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശുഷ്‌കാന്തി എടുത്ത് പറയേണ്ടതാണ്. (Pinarayi Vijayan and KM Abraham IAS)
അരമന രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍
കിഫ്ബി സി.ഇ.ഒ പദവിയിലുള്ള കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ്. എല്ലാ അരമന രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരന്‍. 2021ന് പിണറായിയുടെ രണ്ടാം വരവോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ നിലച്ചു. 3 വര്‍ഷമായി ഡി.എ ഇല്ല. 22 ശതമാനം ഡി.എ കുടിശികയാണ്.
ശമ്പളത്തിന്റെ അഞ്ചില്‍ ഒരു ഭാഗം എല്ലാ മാസവും നഷ്ടമെന്നര്‍ത്ഥം. അതായത് 2021 ലെ ശമ്പളമാണ് 2024ലും ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. 7 ലക്ഷം പെന്‍ഷന്‍കാരുടെ അവസ്ഥ അതിലും ദയനീയമാണ്. 22 ശതമാനം ഡി.ആര്‍ കുടിശികയാണ്.
2021 ലെ തെരഞ്ഞെടുപ്പിന് മുമ്പ് പെന്‍ഷന്‍, ഡി.ആര്‍ പരിഷ്‌കരണ കുടിശിക ലഭിക്കുന്ന മാസം വ്യക്തമാക്കി ഐസക്ക് ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി പാവം പെന്‍ഷന്‍കാര്‍ അത് വിശ്വസിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധനമന്ത്രിയായ ബാലഗോപാല്‍ ഐസക്കിന്റെ ഉത്തരവ് ചവറ്റ് കൊട്ടയില്‍ എറിഞ്ഞു. പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ എല്ലാം സ്വാഹ.

2500 രൂപയായി ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നുമാണ് പ്രകടന പത്രിക വാഗ്ദാനം. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 100 രൂപ പോലും വര്‍ദ്ധിപ്പിച്ചില്ല. 7 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയുമായി. ഓരോ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും 11,200 രൂപ വീതം കിട്ടാനുണ്ട്.
പെന്‍ഷന്‍ എവിടെ എന്ന് ചോദിക്കുന്നവരോട് തരാന്‍ ആഗ്രഹം ഉണ്ട്, പണം വേണ്ടേ എന്നാണ് സര്‍ക്കാര്‍ വക ക്യാപ്‌സൂള്‍. ചരിത്രത്തില്‍ ആദ്യമായി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും മുടങ്ങി. ഒന്നും മുടങ്ങിയിട്ടില്ല, സാങ്കേതിക കാരണം കൊണ്ട് കിട്ടാത്തതെന്നാണ് ബാലഗോപാലിന്റെ ന്യായീകരണം.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രമാണ് ശമ്പളം കിട്ടിയത്. സംസ്ഥാനത്ത് മുടങ്ങാത്ത ഏക കാര്യം കെ.എം എബ്രഹാമിന്റെ ശമ്പള വര്‍ധനവ് മാത്രമാണ്. കിഫ്ബിയുടെ 2022-23 ലെ വാര്‍ഷിക റിപ്പോര്‍ട്ട് ഫെബ്രുവരി 6 ന് പുറത്ത് വന്നിട്ടുണ്ട്. കെ.എം എബ്രഹാമിന് ഓരോ വര്‍ഷവും ശമ്പളവര്‍ധന 20000 രൂപ വീതമെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
അരക്കോടി ശമ്പളംവും ഉന്നത പദവിയും
2021-22 ല്‍ 40.18 ലക്ഷമായിരുന്നു കെ.എം എബ്രഹാമിന്റെ വാര്‍ഷിക ശമ്പളം. ഒരു മാസം 3.34 ലക്ഷം. 2022- 23 ആയപ്പോള്‍ കെ.എം എബ്രഹാമിന്റെ വാര്‍ഷിക ശമ്പളം 42.49 ലക്ഷമായി ഉയര്‍ന്നു. ഒരു മാസം 3.54 ലക്ഷം രൂപ. ഒരു വര്‍ഷത്തെ ശമ്പള വര്‍ധനവ് 20000 രൂപ എന്ന് കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തം. ഇത് കൂടാതെ ചീഫ് സെക്രട്ടറി റാങ്കിലെ പെന്‍ഷനും എബ്രഹാമിന് ലഭിക്കും.
2.50 ലക്ഷമാണ് പെന്‍ഷന്‍. ശമ്പളവും പെന്‍ഷനും കൂടി എബ്രഹാമിന് പ്രതിമാസം ലഭിക്കുന്നത് 6.04 ലക്ഷം. ഇത് കൂടാതെയാണ് എബ്രഹാമിന് കഴിഞ്ഞ ദിവസങ്ങളില്‍ കാബിനറ്റ് പദവിയും നല്‍കിയത്. ആനന്ദലബ്ദിക്ക് ഇനിയെന്തു വേണം!.
ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ സാക്ഷി പറഞ്ഞ വ്യക്തിയാണ് കെ.എം എബ്രഹാം. പിണറായി എബ്രഹാമിന് വാരികോരി ലക്ഷങ്ങള്‍ നല്‍കുന്നതും കാബിനറ്റ് റാങ്ക് നല്‍കുന്നതിന്റെയും പിന്നില്‍ ലാവ്‌ലിന്‍ തന്നെ എന്ന് വ്യക്തം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ഒന്നാം തീയതി ശമ്പളം കിട്ടിയ അപൂര്‍വ്വം ചില ഭാഗ്യശാലികളിലൊരാളാണ് കെ.എം. എബ്രഹാം.