Kerala

എട്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടാത്തവര്‍ക്ക് പ്രത്യേക ക്ലാസ്, പുനഃപ്പരീക്ഷ

എട്ടാം ക്ലാസ് മിനിമം മാര്‍ക്ക് (30 ശതമാനം) അടിസ്ഥാനത്തിലുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൂര്‍ണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ ഉണ്ടാകും. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാര്‍ക്ക്.

സംസ്ഥാനത്ത് ആകെ 3,136 സ്‌കൂളുകളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷ നടത്തിയത്. ഇതില്‍ 1,229 സര്‍ക്കാര്‍ മേഖലയിലും 1,434 എയിഡഡ് മേഖലയിലും 473 അണ്‍ എയിഡഡ് മേഖലയിലുമാണ് സ്‌കൂളുകള്‍. എഴുത്തു പരീക്ഷയില്‍ യോഗ്യത മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ പ്രത്യേക ക്ലാസുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നിശ്ചിത മാര്‍ക്ക് നേടാത്ത വിഷയങ്ങളുടെ ക്ലാസില്‍ മാത്രം വിദ്യാര്‍ഥികള്‍ പങ്കെടുത്താല്‍ മതിയാകും. രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും പ്രത്യേക ക്ലാസ്. ഏപ്രില്‍ 25 മുതല്‍ 28 വരെ അതതു വിഷയങ്ങളില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പുനഃപ്പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 30 ന് പുനഃപ്പരീക്ഷ ഫലം പ്രഖ്യാപിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതാം ക്ലാസിലേക്ക് കയറ്റംനല്‍കാന്‍ തന്നെയാണ് നിര്‍ദേശം. ഒമ്പതാം ക്ലാസ്സില്‍ മുന്‍ വര്‍ഷത്തെ പോലെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയാണ് ഓള്‍ പ്രമോഷന്‍ നല്‍കുന്നത്. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് സംസ്ഥാനതലത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ഏപ്രില്‍ 7 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്തിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button