National

മതചടങ്ങിനിടെ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം

ക്ഷേത്രത്തിൽ മതപരമായ ചടങ്ങിനിടെ മതിലിടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലെ ഷാഹ്പൂരിലെ ഹർദയാൽ ബാബ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാലു പേരുടെ നില ​ഗുരുതരമാണ്.

സംഭവത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. മണ്ണുമാന്തി യന്ത്രം എത്തിച്ച് തകർന്ന ഭിത്തിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റ കുട്ടികളെയും പുറത്തെത്തിച്ചത്. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സാഗർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് ക്ഷേത്രമതിൽ ഇടിഞ്ഞുവീണത്. ഹർദയാൽ ക്ഷേത്രത്തിൻ്റെ മതിലിന് 50 വർഷം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവസമയത്ത് സാവൻ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മൺ ശിവലിംഗങ്ങൾ നിർമിക്കുകയായിരുന്നു.

അവധി ദിവസമായ ഞായറാഴ്ച സ്കൂളുകൾക്ക് അവധിയായതിനാൽ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു. കുട്ടികളുടെ മരണവാർത്തയിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഇരകളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button