Blog

മിൽമയുടെ ശബരിമല നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിൽ വലിയ ആസൂത്രണത്തോടെ ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചുവെന്ന ഗുരുതര ആരോപണത്തിലാണ് കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.

ഒരേസമയം പത്തനംതിട്ടയിൽ യൂണിറ്റ് ഹെഡും തിരുവനന്തപുരത്ത് പ്രൊഡക്ഷൻ മാനേജറുമായിരുന്ന ഷൈൻ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് അന്വേഷണ റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലുകളുള്ളത്. പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് അതിനായി ശുപാർശ ചെയ്തതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണെന്നും, അംഗീകാരത്തിനായി ഇയാൾ നടത്തിയ ഇടപെടലുകൾ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.

ഇ-ടെൻഡർ ഒഴിവാക്കി പകരം സീൽഡ് ടെൻഡർ കൊണ്ടുവന്നത് കൃത്യമായ ക്രമക്കേടിന്റെ ഭാഗമായാണെന്നും, നെയ്യ് കടത്തുമായി ബന്ധപ്പെട്ട കരാർ മാർക്കറ്റിംഗ് വിഭാഗത്തെ പൂർണ്ണമായും മറികടന്നാണ് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം മേഖലാ യൂണിയനും പത്തനംതിട്ട ഭരണസമിതിയും ഈ ക്രമക്കേടുകൾക്ക് കൂട്ടുനിന്നതായി പരാമർശമുള്ളതോടൊപ്പം, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധനകൾ മറികടക്കാനാണ് ബാച്ച് നമ്പറുകളിൽ തിരിമറി നടത്തിയതെന്നും നിഗമനമുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്നലെ പത്തനംതിട്ട മിൽമ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button