പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
പിഎംശ്രീയില്‍ സര്‍ക്കാരിന് വീണ്ടും കുരുക്ക്. പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാനാണ് കേന്ദ്ര നീക്കം. ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കത്തയക്കും. ഇക്കാര്യം എസ്എസ്കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. കേരളം എന്താണ് നയപരമായ നിലപാട് എടുക്കാത്തതെന്നും കൂടിക്കാഴ്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചോദിച്ചു.
പിഎംശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നില്ലെങ്കില്‍ എസ്എസ്കെ ഫണ്ട് ലഭിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. നേരത്തെയും കേന്ദ്രം സര്‍ക്കാരിന് കത്തയച്ചിരുന്നു. ആകെ 1,500 കോടി രൂപയാണ് എസ്എസ്കെ ഫണ്ട് ഇനത്തില്‍ കേരളത്തിന് കിട്ടാനുള്ളത്. 350 കോടി രൂപ ഈ വര്‍ഷത്തെ തുകയും കുടിശ്ശികയാണ്. അതേസമയം പദ്ധതി നടപ്പിലാക്കരുതെന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദേശിച്ചത്. ഇതേ നിലപാടാണ് ഒരു വിഭാഗം നേതാക്കളും സ്വീകരിച്ചത്. പിഎംശ്രീൽ ലീഗും ശക്തമായ നിലപാട് സ്വീകരിച്ചതോടെ സർക്കാർ വെട്ടിലാണ്.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു. എന്നാല്‍ പിഎംശ്രീക്കെതിരെ മുന്നണിക്കുള്ളിൽ നിന്നുതന്നെ എതിർപ്പ് ഉയരുകയാണ്. അതിനിടെ പിഎംശ്രീ നടപ്പിലാക്കരുതെന്നാണ് ശക്തമായ അഭിപ്രായമെന്നും എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നതില് പരിമിതികളുണ്ടെന്നുമായിരുന്നു ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
: The Centre is preparing to send a letter to the Kerala governmenet.
Latest News,
PM Shri Project,
V D Satheesan Cabinet,



