
സംസ്ഥാനത്ത് മങ്കി പോക്സ് (എം പോക്സ്) സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗം.
നേരത്തെ വിവിധ രാജ്യങ്ങളില്‍ മങ്കി പോക്സ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ മലപ്പുറം എടവണ്ണയില്‍ യുഎഇയില്‍നിന്നെത്തിയ 38കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.




