നഗരസഭയിൽ ബിജെപി ജയിച്ചതിന് ബാക്കിയുള്ളവർ നാടുവിട്ടു പോകണോ?’: വി.കെ. പ്രശാന്ത്

തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് വിപുലീകരിക്കുന്നതിനായി എംഎൽഎ ഓഫീസ് മാറിത്തരണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ടതായി വി.കെ. പ്രശാന്ത്. മാർച്ച് വരെ കാലാവധിയുള്ള എംഎൽഎ ഓഫീസ് അതിന് മുമ്പ് ഒഴിപ്പിക്കണമെങ്കിൽ “നിങ്ങളുടെ വഴി നോക്കാൻ” ആവശ്യപ്പെട്ടുവെന്നും എംഎൽഎ പറഞ്ഞു.
ആരുടെയെങ്കിലും പ്രേരണയോടെയാണ് വിളിച്ചതെന്നാണ് താൻ കരുതുന്നതെന്ന് പ്രശാന്ത് പറഞ്ഞു. ഇത് ഒരു സൂചനയാണെന്നും നഗരസഭയിൽ ബിജെപി ജയിച്ചതിനുശേഷം ബാക്കിയുള്ളവർ നാടുവിട്ടുപോകണമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു. ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും ജനാധിപത്യപരമായി അല്ല പെരുമാറിയതെന്നും പ്രശാന്ത് വിമർശിച്ചു.
പ്രേരണയില്ലാതെ ഇത്തരമൊരു വിളി ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും, കൗൺസിലാണ് നിയമപരമായി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി റദ്ദാക്കണമെങ്കിൽ കൗൺസിൽ തീരുമാനിക്കണം. ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


