
കോട്ടയം: ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി കോട്ടയത്ത് നിന്നുള്ളൊരു നേഴ്സെത്തുമ്പോൾ അതിൽ മലയാളി എന്ന നിലയിൽ ഏവർക്കും അഭിമാനിക്കാം. സോജൻ ജോസഫ് എന്ന കോട്ടയത്തുകാരൻ നേഴ്സ് വിജയിച്ചത് ലേബർ പാർട്ടി ടിക്കറ്റിലാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ബ്രിട്ടണിലേക്ക് കുടിയേറിയ സോജൻ ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകനിൽ നിന്നും മുതിർന്ന നേതാവായി വളരുകയായിരുന്നു.
കൺസർവേറ്റീവ് പാർട്ടിയുടെ ശക്തികേന്ദ്രമായ ആഷ്ഫോർഡിൽ നിന്ന് മത്സരിച്ച സോജൻ ജോസഫ് ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ്. ഭരണകക്ഷിയുടെ മുതിർന്ന നേതാവായ ഡാമിയൻ ഗ്രീനിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കേരളത്തിലെ നഴ്സിംഗ് പ്രൊഫഷണലുകളുടെ കേന്ദ്രമായ കോട്ടയത്തെ കൈപ്പുഴയിൽ നിന്നുള്ള സോജൻ, കഴിഞ്ഞ 139 വർഷത്തിനിടെ ആദ്യമായി ആഷ്ഫോർഡിൽ ലേബർ പാർട്ടിക്ക് വിജയമൊരുക്കി എന്നതും ചരിത്രമാണ്.
“ബ്രിട്ടന്റെ നികുതി ഭാരം 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. എന്നിട്ടും ഞങ്ങളുടെ ദേശീയ ആരോഗ്യ സേവനം മുട്ടുകുത്തുകയാണ്, അനധികൃത കുടിയേറ്റത്തിന് പിന്നിലെ സംഘങ്ങളുമായി ഞങ്ങൾ ഇടപെടുന്നില്ല. പണം എവിടെ പോകുന്നു? മാറ്റത്തിനുള്ള സമയമാണിത്, തൊഴിലാളിക്ക് വോട്ട് ചെയ്യുക” ആഷ്ഫോർഡിനായി പാർട്ടിയുടെ സോഷ്യൽ മീഡിയ പേജിൽ അദ്ദേഹം എഴുതിയിരുന്നു,
കേരളത്തിൽ തിരിച്ചെത്തിയ സോജന്റെ കുടുംബം വിജയത്തിന്റെ ആവേശത്തിലാണ്. കർഷക ദമ്പതികളായ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും ഏഴു മക്കളിൽ ഇളയവനാണ് അദ്ദേഹം. ബെംഗളൂരുവിലെ അംബേദ്കർ മെഡിക്കൽ കോളേജിൽ നഴ്സിംഗ് പഠനത്തിന് ശേഷം സോജൻ ഡെറാഡൂണിലെ ആശുപത്രിയിൽ ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് യു കെയിലേക്കുള്ള പ്രവാസം.
“സോജൻ 2001 ൽ യുകെയിൽ പോയി സർക്കാർ ആരോഗ്യ സേവനത്തിൽ നഴ്സായി ചേർന്നു. കേരളത്തിലും ബംഗളൂരുവിലും ഉള്ള ക്യാമ്പസ് കാലത്ത് അദ്ദേഹം രാഷ്ട്രീയം പിന്തുടർന്നിരുന്നില്ല. എങ്കിലും അദ്ദേഹം എന്നും നല്ല സംഘാടകനായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി, പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മത്സരത്തിലേക്ക് കടക്കുന്നതിന് മുമ്പ് അദ്ദേഹം ആഷ്ഫോർഡിൽ കൗൺസിലറായി സേവനമനുഷ്ഠിച്ചിരുന്നു, ”സോജന്റെ സഹോദരി, ആലീസ് പറഞ്ഞു. സോജന്റെ ഭാര്യ തൃശൂർ സ്വദേശി ബ്രിട്ടയും നഴ്സാണ്. ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്.




