സൂംബ വിവാദത്തില്‍ അധ്യാപകനായ ടി കെ അഷറഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി. സൂംബ വിവാദത്തില്‍ ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയതിന് പിന്നാലെ മാനേജ്മെന്റ് തീരുമാനിച്ച അച്ചടക്ക നടപടിയാണ് കോടതി ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്. ടികെ അഷ്‌റഫിനെതിരായ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. നടപടി പുനഃപരിശോധിക്കാന്‍ മാനേജ്മെന്റിന് കോടതി നിര്‍ദേശം നല്‍കി. അധ്യാപകന്റെ മറുപടി കേള്‍ക്കണമെന്നും ഹൈക്കോടതി സ്‌കൂള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയാണ് ടികെ അഷ്റഫ്. സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാംപെയിനാണ് അഷ്റഫ് നടത്തിയിരുന്നത്. കൂടാതെ താനും കുടുംബവും സൂംബയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ല താന്‍ തന്റെ കുട്ടിയെ സ്‌കൂളില്‍ വിടുന്നത് എന്നുള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റുകള്‍ വ്യാപക ചര്‍ച്ചയായതിന് പിന്നാലെയാണ് അഷ്റഫിനെ സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.