വിഴിഞ്ഞം തുറമുഖത്ത് അടുത്തമാസം മുതല്‍ ട്രയല്‍ റണ്‍; നാല് ക്രെയിനുകള്‍ കൂടിയെത്തി

0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കേണ്ട 32 ക്രെയിനുകളില്‍ 31നും തുറമുഖത്ത് എത്തി. വ്യാഴാഴ്ച്ച രാവിലെ നാല് ക്രെയിനുകളാണ് തുറമുഖത്ത് എത്തിയത്.

ഇനി കൊളംബോയില്‍ നിന്ന് ഒരു യാര്‍ഡ് ക്രെയിന്‍ കൂടിയാണ് എത്താനുള്ളത്. അതും ഈമാസം അവസാനത്തോടെ വിഴിഞ്ഞത്തെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനയില്‍നിന്ന് ഷെന്‍ഹുവാ-34 എന്ന കപ്പലിലാണ് നാലു ക്രെയിനുകള്‍ കൂടി എത്തിച്ചത്. പുറംകടലില്‍നിന്ന് കപ്പലിനെ ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പലിനെ സുരക്ഷിതമായി ബെര്‍ത്തിലടുപ്പിച്ചു. ക്രെയിനുകളുമായി എത്തുന്ന ഏഴാമത്തെ കപ്പലാണിത്.

24 -യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് തുറമുഖത്ത് സ്ഥാപിക്കുക. മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുളള പുലിമുട്ട് അടക്കമുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതും ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്താനാവുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. ജൂണ്‍ പകുതിയോടെയാണ് ചരക്കുകളുടെ കയറ്റിയിറക്കലിനുളള ട്രയല്‍ റണ്‍ നടത്തുക.

അടുത്തമാസം ട്രയല്‍ റണ്‍

ജൂണ്‍മാസം പകുതിയോടെ തുറമുഖത്ത് രണ്ട് കൂറ്റന്‍ ബാര്‍ജുകള്‍ എത്തിച്ചാണ് ആദ്യമായി ചരക്കുകളുടെ കയറ്റിയിറക്കല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുക. തുടര്‍ന്ന് ഈ ബാര്‍ജുകളില്‍ കണ്ടെയ്നറുകള്‍ അടുക്കി ബെര്‍ത്തിന് സമീപമെത്തിക്കും. ഇവയില്‍ നിന്നുളള കണ്ടെയ്നറുകളെ ഇവിടെ സ്ഥാപിച്ചിട്ടുളള ക്രെയിനുകളുപയോഗിച്ച് കരയിലേക്കും തിരികെ ബാര്‍ജുകളിലേക്കും കയറ്റുന്നതും ഇറക്കുന്നതുമായ ട്രയല്‍ റണ്ണാണ് നടത്തുക. ഇതിനുളള സാങ്കേതിക വിദഗ്ധരും യന്ത്രങ്ങളും അടക്കമുളളവയും സജ്ജമാക്കിയിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് സംവിധാനത്തിലാവും തുറമുഖത്ത് സ്ഥാപിച്ചിട്ടുളള ക്രെയിനുകള്‍ പ്രവര്‍ത്തിക്കുക. ഇതിനായി തുറമുഖത്ത് പ്രത്യേക കണ്‍ട്രോള്‍ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here