Kerala

യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവം ; പോലീസുകാർക്കെതിരെ അന്ന് തന്നെ നടപടി എടുത്തു : ഡിഐജി ഹരിശങ്കർ

യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ ഡിജിപിക്കു റിപ്പോർട്ട്‌ നൽകി തൃശൂർ ‍ഡിഐജി ഹരിശങ്കർ. ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. പരാതി ഉയർന്ന അന്ന് തന്നെ നടപടി എടുത്തെന്നു റിപ്പോർട്ടിൽ പറയുന്നു. നാലു ഉദ്യോഗസ്ഥർക്കും രണ്ട് വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്യുകയും സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നാണ് റിപ്പോർട്ടിലുള്ളത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയും ആ കേസ് മാത്രമാണ് എടുത്തത്. റിപ്പോർട്ടിൽ കൂടുതൽ നടപടിക്ക് ശുപാർശ ഇല്ല. നിലവിൽ കുന്നംകുളം കോടതി നേരിട്ട് കേസ് അന്വേഷിക്കുകയാണ്. കോടതി ഉത്തരവ് വന്ന ശേഷം തുടർ നടപടി ആകാമെന്നാണ് റിപ്പോർട്ടിലുള്ളത്.

പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

തൃശൂര്‍ ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരുന്നത്. സ്റ്റേഷനിൽ എത്തിയത് മുതൽ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button