Kerala

തിരുവോണ ദിവസം ‘കൊലച്ചോറ് സമര’വുമായി യൂത്ത് കോൺഗ്രസ്

തിരുവോണ ദിവസം ‘കൊലച്ചോറ് സമര’വുമായി യൂത്ത് കോൺഗ്രസ്. തൃശ്ശൂർ ഡിഐജി ഓഫീസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസിന്റെ ‘കൊലച്ചോറ് സമരം’ നടക്കുന്നത്. കുന്നംകുളത്തെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക സമരം.മർദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ച് പൊലീസ് വേഷം ധരിച്ചാണ് വേറിട്ട സമരവുമായി പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ഡിഐജി ഓഫീസിന് മുമ്പിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തി. 2023 ഏപ്രിൽ അഞ്ചിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കസ്റ്റഡിയില്‍ മര്‍ദനം നേരിട്ടത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് മര്‍ദന ദൃശ്യങ്ങള്‍ ലഭിച്ചത്.

സംഭവത്തില്‍ നേരത്തെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കസ്റ്റഡി മർദനം ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് മർദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ്സുജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. ഒപ്പം, അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചെന്നും ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. ഇപ്പോൾ റെവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. മര്‍ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, കാരണം തിരക്കാൻ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം.

പ്രതികൾക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. അതേ സമയം, രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 4 പൊലീസുകാരുടെയും പ്രമോഷൻ 3 വർഷത്തേക്ക് തടഞ്ഞു. അതുപോലെ തന്നെ ഇൻക്രിമെന്റും 2 വർഷത്തേക്ക് തടഞ്ഞു, അതുകൊണ്ട് ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടർ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button