ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ യുവാവും ജയില്‍ മോചിതനായി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ നാരായണ്‍പൂരിലെ 19കാരനും ജയില്‍ മോചിതനായി. നാരായണ്‍പുര്‍ ജില്ലയിലെ മര്‍കബട ഹജമിമേറ്റ സ്വദേശി സുഖ്മാന്‍ മാണ്ഡവിക്ക് ആണ് ജാമ്യം ലഭിച്ചത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് യുവാവിനും ജാമ്യം നല്‍കിയത്. റായ്പൂര്‍ അതിരൂപത യുവാവിന് ഉള്‍പ്പെടെ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു എന്‍ഐഎ കോടതിയെ സമീപിച്ചത്. ജയില്‍ മോചിതനായ യുവാവ് നാട്ടിലേക്ക് പോയെന്ന് റായ്പൂര്‍ അതിരൂപത വക്താവ് ഫാദര്‍ സെബാസ്റ്റ്യന്‍ പൂമറ്റം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്.



