Kerala

ചോദ്യപേപ്പർ ചോർച്ച: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്‌യു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ കെഎസ്‍യു പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. പിന്നീട് 7 തവണയാണ് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയയുണ്ടായി. നിലവിൽ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.

കെഎസ്‍യു അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. സർക്കാരിന്റേത് അനങ്ങാപ്പാറ നയമാണെന്നും സർക്കാർ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും അലോഷ്യസ് പറഞ്ഞു. പ്രൈവറ്റ് ട്യൂഷൻ മാഫിയ അധ്യാപകരുടെ പിന്തുണയോടെ പ്രവർത്തിക്കുകയാണെന്നും
അലോഷ്യസ് സേവ്യർ പറഞ്ഞു. പണം പിഴിഞ്ഞെടുക്കുന്ന മാഫിയയായി സ്വകാര്യ ട്യൂഷൻ സെന്ററുകൾ മാറിയെന്ന് എം ലിജു പ്രതികരിച്ചു. ഭരണാനുകൂല അധ്യാപക സംഘടനയിലുള്ളവർക്ക് ഈ മാഫിയയുമായി ബന്ധമുണ്ട്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും ലിജു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button