‘നരകത്തിന്റെ വാതിൽ തുറക്കും’; എല്ലാ നിബന്ധനകളും അംഗീകരിച്ച് കീഴടങ്ങാൻ ഹമാസിനോട് ഇസ്രായേൽ

ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകൾക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കിൽ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഗാസയിൽ ഇസ്രായേൽ വിപുലമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. ഉടൻ തന്നെ ഗാസയിലെ ഹമാസിന്റെ കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്ക് മുകളിൽ നരകത്തിന്റെ വാതിലുകൾ തുറക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും വേണമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിബന്ധനകൾക്ക് വഴങ്ങിയില്ലെങ്കിൽ ഹമാസിന്റെ തലസ്ഥാനമായ ഗാസ റഫയും ബെയ്ത് ഹനൂനും ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിലെ രണ്ട് നഗരങ്ങൾ വലിയതോതിൽ തകർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.