Kerala

കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കുമോ? പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

​മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലി സന്ദ‍ർശനത്തിന്‍റെ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്‍റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി കാണുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇന്നലത്തെ ദില്ലി സന്ദർശനത്തിന്‍റെ വിവരങ്ങൾ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരുന്നു.

ഒറ്റ ദിവസത്തിൽ 4 കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച
വ്യാഴാഴ്ച കേന്ദ്ര മന്ത്രിമാരുമായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്ക് വച്ചു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ ചർച്ചയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമനുമായി നടന്ന ചർച്ചയിൽ ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജി എസ് ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന ഇടനാഴികൾ അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. കാലതാമസം നേരിടുന്ന ദേശീയപാത 66 ന്‍റെ വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ആരോഗ്യമന്ത്രിയോട് എയിംസ് ആവശ്യം ഉന്നയിച്ചു
എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വർദ്ധ്യക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button