കാട്ടാന ശല്യം രൂക്ഷമാകുന്നു; പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ചൂരമലയിലെ നാട്ടുകാര്‍

കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് വയനാട് ചൂരല്‍മലയിലെ നാട്ടുകാര്‍ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ച്ചയായി കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകള്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ വരുത്തുന്നത് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സമരം ശക്തമായതിനെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. ജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു വൈദ്യുത വേലി നിര്‍മ്മിക്കാമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയതോടെയാണ് സമരം താല്‍ക്കാലികമായി പിന്‍വലിച്ചത്. 2016-ല്‍ സ്ഥാപിച്ച വേലി ഉരുള്‍പൊട്ടലില്‍ നശിച്ചുപോയി.
പുതിയ വേലി സ്ഥാപിക്കുന്നതിനൊപ്പം കൂടുതല്‍ RRT അംഗങ്ങളെയും വാച്ചര്‍മാരെയും നിയോഗിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികളാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും ഈ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുതിയ വൈദ്യുത വേലി സ്ഥാപിക്കാനുള്ള തീരുമാനം ജനകീയമായി എടുത്തതാണെന്ന് അധികൃതര്‍ അറിയിച്ചു.