ഇരട്ട ന്യൂനമർദ്ദം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ ( low pressure) സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. ഇതിന് പുറമേ വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തിലും വ്യാഴാഴ്ച വരെ മണിക്കൂറില്‍ പരമാവധി 40 -50 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.