KeralaPolitics

ആരാകും അടുത്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ; കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അപതീക്ഷിത ആരോപണങ്ങളുടെ ഞെട്ടലിലായിരുന്നു കേരളം. ഇന്നലെ പരാതികൾ ഒന്നിന് പുറകെ ഒന്നായി എത്തിയതോടെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. ഒഴിയേണ്ടി വന്നു എന്ന് പറയുന്നതാവും ശരി. ഇതോടെ ആരാകും അടുത്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന ചർച്ചയും സജീവമാണ്.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവം. തങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങിയതോടെ മത്സരത്തിന് ചൂടേറി. അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കി എന്നിവർക്ക് വേണ്ടിയാണ് ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് കരുനീക്കങ്ങൾ നടത്തുന്നത്.

മുതിർന്ന നേതാവ് കെ.സി. വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. അതേസമയം, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അബിൻ വർക്കിക്കാണ് പിന്തുണ നൽകുന്നത്. മുൻ സംഘടനാ തിരഞ്ഞെടുപ്പിൽ അബിൻ വർക്കിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു എന്ന വാദമാണ് ചെന്നിത്തല പക്ഷം ഉയർത്തുന്നത്. എം.കെ. രാഘവൻ എം.പിയും എ ഗ്രൂപ്പിലെ ഒരു വിഭാഗവും കെ.എം. അഭിജിത്തിനെ പിന്തുണയ്ക്കുന്നു. ഇതിനിടെ, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് വരട്ടെ എന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. അവസാന നിമിഷം വരെ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കെപിസിസി പ്രസിഡന്‍റ്, കെഎസ്‍യു , മഹിളാ കോൺഗ്രസ് പ്രസിഡന്‍റുമാർ എന്നിവർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നായതിനാൽ അബിൻ വർക്കിയെ പരിഗണിക്കാൻ സാധ്യത കുറവാണ്. കെ സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിൽ രാഹുൽ പ്രസിഡന്‍റായ സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളിലൊന്നാണ്. ദേശീയ കമ്മിറ്റി പുനസംഘടനയിൽ പരിഗണിക്കപ്പെടാതെ പോയ കെ എം അഭിജിത്തിനായി കേരളത്തിലെ മുതിർന്ന നേതാക്കൾ നീക്കം നടത്തുന്നുണ്ട്. സ്ഥിരം പ്രസിഡന്‍റിനെ വെയ്ക്കണോ ആർക്കെങ്കിലും താത്കാലിക ചുമതല നൽകണോ എന്നകാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button