KeralaNews

കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച; ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നതെന്ന് ചെന്നിത്തല

കാശ്മീരിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിന്റെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇന്ത്യയെ തന്നെ ഞെട്ടിച്ച കാശ്മീർ ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ട് 48 മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു.വേദനിക്കുന്ന ഹൃദയങ്ങളോട് കൂടി തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെ കുറിച്ച് ശക്തമായ ചില ചോദ്യങ്ങൾ ചോദിക്കേണ്ട സമയമായി. ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങൾ നിറഞ്ഞ കാശ്മീരിൽ ഇതുപോലെ ഒരു കൊടും ഭീകരാക്രമണം ഉണ്ടാകത്തക്ക നിലയിലുള്ള സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി?

ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നത്? ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയുടെ ജനങ്ങളോട് ഇതിന് ഉത്തരം പറയാൻ ബാധ്യസ്ഥനാണ്. അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിക്കാത്തത് എന്തുകൊണ്ടാണ്? ഇത്രയും തന്ത്രപ്രധാനമായ സ്ഥലം ആയിരുന്നിട്ടും ഇൻ്റലിജൻ്റ്സ് സംവിധാനങ്ങൾ പാടെ പരാജയപ്പെട്ടു പോയത് എങ്ങനെയാണ്? ഇത്തരം വൻകിട ആക്രമണം ആസൂത്രണം ചെയ്തതിൻ്റെ ഒരു വിവരം പോലും ഇൻ്റലിജൻ്റ്സ് സംവിധാനങ്ങൾക്ക് കണ്ടെത്താനായില്ല എന്നത് അതിവ ഗുരുതരമായ സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഈ പരാജയത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. ഈ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനുള്ള പങ്ക് പുറത്തുകൊണ്ടുവരുകയും ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button