KeralaNews

എന്താണ് സംഭവം ? ; വർഷങ്ങൾക്ക് ശേഷം വാർത്താ സമ്മേളനം വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി

വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വൈകീട്ട് അഞ്ച് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ചാകും അദ്ദേഹം മാധ്യമങ്ങളെ കാണുക. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവേ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ ആന്റണി വിശദമായ മറുപടി പറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

ആന്റണിയുടെ ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് അതിക്രമത്തെക്കുറിച്ച് ഭരണപക്ഷത്തെ എംഎല്‍എമാര്‍ ഇന്നലെ പലതവണ പരാമര്‍ശിച്ചിരുന്നു. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കിയിട്ടില്ലെങ്കിലും രാഷ്ട്രീയ വാര്‍ത്താ സമ്മേളനമാകുമെന്ന് വ്യക്തമാണ്. കുറഞ്ഞത് 12 വര്‍ഷത്തിന് ശേഷമാണ് ആന്റണി മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തിനായി ക്ഷണിക്കുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതെ ആന്റണി ഏറെക്കാലമായി തിരുവനന്തപുരത്തെ വസിതിയില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. മകന്റെ ബിജെപി പ്രവേശനത്തില്‍ ഉള്‍പ്പെടെ ആന്റണി ഇക്കാലയളവില്‍ പ്രതികരിച്ചിരുന്നെങ്കിലും അതൊന്നും മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തിനായി ക്ഷണിച്ചുകൊണ്ടായിരുന്നില്ല. ആന്റണിയ്ക്കടുത്തേക്ക് മാധ്യമങ്ങളെത്തി പ്രതികരണം തേടുകയായിരുന്നു. സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണെങ്കിലും ആന്റണി ദിവസവും കെപിസിസി ആസ്ഥാനം സന്ദര്‍ശിക്കുകയും നേതാക്കള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button