10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; കോഴിക്കോട് ജാഗ്രത

0

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ചുപേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ജില്ലകളില്‍ കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് ഇന്ന് യോഗം ചേരുന്നുണ്ട്.

രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇവരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ലാത്തതിനാല്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒരാള്‍ രോഗം ബാധിച്ച് ഗുരുതരമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്ക് ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് വെസ്റ്റൈല്‍ ഫീവറാണെന്ന് കണ്ടെത്തിയത്. ഇതിന് ശേഷം കൂടുതല്‍ സ്ഥിരീകരണത്തിന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയും ചെയ്തു.

എന്താണ് വെസ്റ്റ് നൈല്‍ ഫീവര്‍?

ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ല. വെസ്റ്റ് നൈല്‍ പനിക്ക് പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ല.

1937ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലുള്ള വെസ്റ്റ് നൈല്‍ മേഖലയില്‍ കണ്ടെത്തിയതിനാലാണ് രോഗത്തിന് ഈ പേരു വരാന്‍ കാരണം. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി വൈറസ് മനുഷ്യരിലേക്ക് പകരും. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്ത, അവയവ ദാനത്തിലൂടെയും അമ്മയില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനും അപൂര്‍വമായി രോഗം ബാധിക്കാം.

ലക്ഷണങ്ങള്‍

കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ് തുടങ്ങിയവയാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍. രോഗം ബാധിച്ചവരില്‍ ഏറെ പേര്‍ക്കും ചെറിയ തോതിലാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. 20 ശതമാനത്തോളം പേരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാറുമുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഒരു ശതമാനം പേരില്‍ തലച്ചോര്‍ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറസ് ബാധയേറ്റ് രണ്ട് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപകട സാദ്ധ്യത

ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാല്‍, 60 വയസിന് മുകളിലുള്ളവര്‍ ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമാകാന്‍ സാദ്ധ്യതയുണ്ട്. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങള്‍ ഉള്ളവരില്‍ രോഗം മൂര്‍ച്ഛിക്കാം. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. എന്നാല്‍, ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വെസ്റ്റ് നൈല്‍ പനി ബാധിച്ചുള്ള മരണനിരക്ക് വളരെ കുറവാണ്.

പനി ബാധിച്ചാല്‍

രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ലഭ്യമാക്കുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂര്‍ണമായും ഭേദമാകും. എന്നാല്‍ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കാം.

പ്രതിരോധത്തിന് ചെയ്യേണ്ടത്

കൊതുകു നിര്‍മാര്‍ജ്ജനം
കൊതുകു കടിയേല്‍ക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുക

LEAVE A REPLY

Please enter your comment!
Please enter your name here