Kerala

ക്ഷേമ പെൻഷൻ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാർക്ക് നോട്ടീസ്

അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാർക്ക് സർക്കാർ നോട്ടീസ് നൽകി. 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാനാണ് നിർദേശം. ഇവർ 22,600 മുതൽ 86,000 രൂപ വരെ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്.

പൊതുഭരണ വകുപ്പിലെ പാർട്ട് ടൈം സ്വീപ്പർമാരായ ആറു ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയത്. അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയവരെ പിരിച്ചു വിടണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

ആദ്യഘട്ട നടപടി എന്ന നിലയിലാണ് അനധികൃതമായി കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും കൂടി തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുള്ളത്. പണം സർക്കാരിന് തിരികെ ലഭിച്ചശേഷം, ഇവരെ പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് നിലവിലെ ധാരണ.

ഉന്നത സർക്കാർ ജോലിയുള്ളവരും ബിഎംഡബ്ലിയു കാർ അടക്കം ആഡംബര വാഹനങ്ങളുള്ളവരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button