‘വിദ്യാർത്ഥികൾക്ക് ഒപ്പമാണ് എന്നും നിന്നിട്ടുള്ളത്’; വീണ്ടും വീഡിയോയുമായി എം എസ് സൊല്യൂഷൻസ് സിഇഒ

കോഴിക്കോട്: വീണ്ടും യൂട്യൂബ് വീഡിയോയുമായി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിലെ മുഖ്യപ്രതിയായ എംഎസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹെെബ്. ചോദ്യ പേപ്പർ ചോർച്ച കേസിലെ ന്യായീകരണങ്ങളാണ് പുതിയ വീഡിയോയിൽ ഉള്ളത്. മറ്റുള്ളവർ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേർത്തത്.
തന്റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും. ചോദ്യപേപ്പർ ചോർച്ചയിൽ തന്നെ പ്രതി ചേർത്തതും അങ്ങനെ കണ്ടാൽ മതിയെന്നാണ് മുഹമ്മദ് ഷുഹെെബ് വീഡിയോയിൽ പറയുന്നത്. മൂന്ന് മാസത്തിന് ശേഷമാണ് ഷുഹെെബ് വീണ്ടും വീഡിയോയുമായി എത്തുന്നത്. ചോദ്യപേപ്പർ ചോർച്ച കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പുതിയ വീഡിയോ.’വിദ്യാർത്ഥികൾക്ക് ഒപ്പമാണ് എന്നും നിന്നിട്ടുള്ളത്. കുട്ടികളെ പോലെ അദ്ധ്യാപകർക്കും മൂല്യനിർണയം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് ചില അദ്ധ്യാപകർക്ക് എന്നോട് ശത്രുത ഉണ്ടാക്കി. ലഹരി മാഫിയയ്ക്ക് ചില സ്കൂളികളുമായും ട്യൂഷൻ സെന്ററുകളുമായും അടുപ്പമുണ്ടെന്ന് പറഞ്ഞതും ശത്രുത വർദ്ധിപ്പിച്ചു’,
മുഹമ്മദ് ഷുഹെെബ് പറഞ്ഞു.എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറാണെന്ന് ക്രെെം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എംഎസ് സൊല്യൂഷൻസ് അദ്ധ്യാപകൻ ഫഹദിനാണ് അബ്ദുൽ നാസർ ചോദ്യപേപ്പർ ചോർത്തി നൽകിയത്.അബ്ദുൾ നാസർ ജോലി ചെയ്യുന്ന സ്കൂളിൽ ഫഹദ് വർഷങ്ങളോളം അദ്ധ്യാപകനായിരുന്നു. അങ്ങനെയാണ് ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടായത്. പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ് എസ് എൽ സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പറുകളാണ് ചോർത്തിയത്. ചോദ്യപേപ്പറുകൾ മുഹമ്മദ് ഷുഹൈബ് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു