Blog

പുനരധിവാസം വൈകുന്നു : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിലേക്ക്

‌‌‌പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു. ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതടക്കം ഉന്നയിച്ചാണ് പ്രതിഷേധം. അടുത്തയാഴ്ച സമരം നടത്താനാണ് നിലവിലെ ആലോചന. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതർ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ദില്ലിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 87 ദിവസം പിന്നിടുമ്പോളേക്കും സമരമാർഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതർ. ടൌൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമകുരുക്കിലായിരിക്കുന്നു.

ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതി പരിഗണനയിലാണ്. നവംബർ നാലിന് ഹർജി പരിഗണിക്കും വരെ ഏറ്റെടുക്കൽ വേണ്ടെന്ന് കോടതി നിർദേശിച്ചിരിക്കുന്നു. ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടർന്ന് കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയും ദുരിതബാധിതർക്ക് രൂക്ഷമാണ്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button