വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; കേന്ദ്രത്തിനെതിരായ യുഡിഎഫ് പ്രതിഷേധം മാറ്റി

0

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന യുഡിഎഫ് പ്രതിഷേധം മാറ്റി. മറ്റൊരു ദിവസം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട് നിയുക്ത എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം. മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുവാദം നല്‍കിയിരുന്നില്ല.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഒപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം.കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

വയനാട് എം പിയായി പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ.
വയനാട് നിന്നുള്ള യുഡിഎഫിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും. വയനാട്ടില്‍ നിന്നുള്ള വിജയപത്രം നേതാക്കള്‍ ഇന്നലെ പ്രിയങ്കയ്ക്ക് കൈമാറിയിരുന്നു. ഈ മാസം 30ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here