Kerala

വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ ചർച്ച നാളെ

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്ച തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കാണുന്നത്. കർണാടക സർക്കാരിൻറെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികൾ യോഗത്തിന് എത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ വിശദാംശങ്ങൾ, പണിത് നൽകാൻ ഉദ്ദേശിക്കുന്ന വീടുകളുടെ രൂപരേഖ പ്രതീക്ഷിക്കുന്ന ചെലവ് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി ധരിപ്പിക്കും. ടൗൺഷിപ്പുകളുടെ നിർമ്മാണത്തിന് കണ്ടെത്തിയ എൽസ്റ്റോൺ നെടുമ്പാല എസ്റ്റേറ്റുകളിലെ സർവ്വേ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഫീൽഡ് സർവ്വേ പൂർത്തിയാക്കിയ ശേഷം ദുരന്ത നിവാരണ നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം കണക്കാക്കി തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗൺഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ കാലതാമസം കൂടാതെ നിർവഹിക്കുന്നതിന് സ്‌പെഷ്യൽ ഓഫീസറായി (വയനാട് ടൗൺഷിപ്പ് – പ്രിലിമിനറി വർക്ക്‌സ്) ഡോ. ജെ.ഒ അരുണിന് അധിക ചുമതല നൽകി കൊണ്ട് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ ഉരുൾപ്പൊട്ടലിൽ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ ബ്ലോക്ക് നമ്പർ 28, സർവെ നമ്പർ 366 ൽ പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കൽപ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പർ 19ലെ സർവെ നമ്പർ 88/1ൽപെട്ട എൽസ്റ്റോൺ എസ്റ്റേറ്റിലെ സ്ഥലവും പൊസഷൻ ഏറ്റെടുക്കുന്നതിനും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാനും 2024 ഒക്ടോബർ 10 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button