Kerala

വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം; നടപടി തുടരുകയാണെന്ന് ഹൈക്കോടതിയിൽ വിശദീകരണം

വയനാട് ദുരന്തസഹായത്തിൽ വീണ്ടും ഉരുണ്ട് കളിച്ച് കേന്ദ്ര സർക്കാർ. നടപടികൾ പുരോഗമിക്കുകയാണെന്നും വ്യവസ്ഥകൾക്ക് വിധോയമായി 153 കോടി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ വയനാട്ടിൽ ഹർത്താൽ നടത്തിയ ഇടത്, വലത് മുന്നണികളെ ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.

വയനാട്ടിലെ ദുരന്ത ബാധിത മേഖലകളെ പുനരധിവസിപ്പിക്കാൻ 2219 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നതിടെയാണ് കേന്ദ്ര സർക്കാരിന്‍റെ ഒളിച്ചുകളി തുടരുന്നത്. വീടും നാടും ഇല്ലാതായ നൂറുകണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാനത്തെക്കൊണ്ട് മാത്രം കഴിയില്ലെന്ന് ഹൈക്കോടതിതന്നെ പലകുറി പറഞ്ഞിട്ടും ഔദ്യോഗിക നടപടിക്രമങ്ങൾ പേര് പറഞ്ഞാണ് കേന്ദ്ര സർക്കാരിന്‍റെ ഇഴച്ചിൽ. ഏറ്റവും പുതുതായി സമർപ്പിച്ച സത്യവാങ്മൂലത്തിലും വയനാടിനെ പുനരധിവസിപ്പിക്കാൻ എന്ത് പാക്കേജെന്നും വ്യക്തമാക്കുന്നില്ല. നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് വിശദീകരണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 153. 4 കോടി രൂപ കേരളത്തിന് അനുവദിക്കാൻ ഇക്കഴിഞ്ഞ നവംബർ 16ന് തീരുമാനിച്ചു എന്നാണ് അറിയിപ്പ്.

എന്നാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കൈവശമുളള അൻപത് ശതമാനം തുക ചെലവഴിച്ചെങ്കിൽ മാത്രമേ ഈ തുക കൈമാറൂ എന്ന വ്യവസ്ഥയും കേന്ദ്ര സർക്കാർ വെച്ചിട്ടുണ്ട്. ഇതിനിടെ വയനാട്ടിൽ കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാന ഭരിക്കുന്ന സർക്കാരിന്‍റെ മുന്നണിപോലും ഹർത്താലിൽ ഭാഗമായി എന്തിനുവേണ്ടിയാണ്. ഇത്തരം നിരുത്തരവാദപരമായ സമീപനം പാടില്ല. ഇക്കാര്യത്തിൽ കോടതിയുടെ അതൃപ്തി സർക്കാരിനെ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button