Kerala

മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ല് വില കല്‍പ്പിച്ച് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാണെങ്കിലും ചിലയിടങ്ങളില്‍ മാസങ്ങളോളവും ദിവസങ്ങളോളവും കുടിവെള്ളം മുടക്കുന്നത് ശീലമാക്കിയിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍. വാട്ടര്‍ അതോറിറ്റി പോംങ്ങുംമൂട് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് മനപൂര്‍വം പാറോട്ടുകാണം- രക്ഷാപുരി ലൈനില്‍ കുടിവെള്ളം മുട്ടിക്കുന്നത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും എന്തിന് മന്ത്രിക്ക് തന്നെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും കുടിവെള്ളം ഇപ്പോഴും ഇവര്‍ക്ക് കിട്ടാക്കനി തന്നെ. പ്രദേശത്ത് മേയ് മാസത്തില്‍ 11 ദിവസാണ് കുടിവെള്ളം മുടങ്ങിയതെങ്കില്‍ മാര്‍ച്ച് മാസത്തില്‍ വെള്ളം ലഭിക്കാത്തത് 29 ദിവസമായിരുന്നു. പരാതിയുമായി ദിവസങ്ങളോളം വാട്ടര്‍അതോറിറ്റി ഓഫീസില്‍ കയറി ഇറങ്ങിയാലോ ഉദ്യോഗസ്ഥരുടെ ദാര്‍ഷ്ഠ്യവും അവഗണയും പിന്നെ പകയുമാണ് നാട്ടുകാര്‍ക്ക് ബാക്കി.

പാറോട്ടുകോണം ജംഗഷനില്‍ നിന്നും രക്ഷാപുരി ലൈനിലേക്ക് വരുന്ന വാട്ടര്‍ അതോറിറ്റിയുടെ മെയില്‍ പൈപ്പില്‍ നിന്നും വയലരികത്ത് റസിഡന്‍സ് അസോസിയേഷനില്‍ താമസിക്കുന്ന വാട്ടര്‍ അതോറിറ്റിയിലെ ഒരു അസിസ്റ്റന്റ് എകിസിക്യൂട്ടീവ് എഞ്ചിനിയര്‍ കോണ്‍ട്രാക്ട്രര്‍മാരെ സ്വാധീനിച്ച് അനധികൃതമായി സ്വന്തം വീട്ടിലേക്ക് വെള്ളം ലഭിക്കുന്നതിനായി ഒരു കീലോമീറ്ററോളം നീളത്തില്‍ ലൈന്‍വലിച്ച് വെള്ളം മാറ്റിവിട്ടതാണ് ഈ പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നതിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മാര്‍ച്ചില്‍ കുടിവെള്ളം മുടങ്ങിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ നേരിട്ട് മന്ത്രിയടെ ഓഫീസിനെയും മന്ത്രിയെയും വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. അന്വേഷിക്കാമെന്നും ഉടന്‍ കുടിവെള്ളമെത്തുമെന്നും മന്ത്രി അന്ന് ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷവും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരില്‍ നിന്ന് കുടിവെള്ളമെത്തിക്കുന്നതില്‍ അലംഭാവം തുടര്‍ന്നു. ചില ദിവസങ്ങളില്‍ രാത്രി 12 മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ വാട്ടര്‍ അതോറിറ്റി വെള്ളം പമ്പ് ചെയ്യാറുണ്ടെങ്കിലും ഉറക്കമായതിനാല്‍ പലരും ഇത് അറിയാറില്ല. പകല്‍ സമയത്ത് വെള്ളം ലഭിക്കാറുമില്ല. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വെള്ളം അനധികൃതമായി വഴിമാറ്റി വിട്ടില്ലായുരുന്നുവെങ്കില്‍ മുഴുവന്‍ സമയവും ഈ പ്രദേശത്ത് വെളളം ലഭിക്കുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ 11 ദിവസമായി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയതിന് പരാതിയുമായി നാട്ടുകാര്‍ പോങ്ങുംമൂട് അസിസ്റ്റന്റ് എഞ്ചിനീയറെ ബന്ധപ്പെട്ടപ്പോള്‍ വളരെ മോശമായിട്ടാണ് പെരുമാറിയതന്നും ആക്ഷേപമുണ്ട്. മന്ത്രിയെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ മന്ത്രിക്ക് സെക്രട്ടേറിയറ്റ് ഭരണമാണെന്നും ഇവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് താനാണെന്ന് ആക്ഷേപിച്ചതായും നാട്ടുകാര്‍ പറയുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇതാണ് അവസ്ഥയെങ്കില്‍, ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം കുടിവെളളം കിട്ടാത്തതിനാല്‍ മനുഷ്യവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button