വാളയാര്‍ ആള്‍ക്കൂട്ടക്കൊല;അന്വേഷണം ക്രൈം ബ്രാഞ്ചിന്

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. ഛത്തിസ്ഗഢ് സ്വദേശി രാംമനോഹര്‍ വയ്യാറാണ് (31) കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്, വിബിന് എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാംമനോഹര്‍ കുഴഞ്ഞു വീഴുകയായും പിന്നാലെ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടായേക്കും.




