പോലീസ് മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും

തൃശൂർ കുന്നംകുളം പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂർ ഡിവിഷനിൽ നിന്ന് സുജിത്ത് മത്സരിക്കും. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുളള ജനവിധി തേടിയാണ് താൻ മത്സരിക്കുന്നതെന്ന് സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വന്നൂർ സിപിഐഎമ്മിന്റെ കുത്തകയായുളള ഡിവിഷനാണെന്നും തന്നെ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് അറിയാമെന്നും സുജിത്ത് കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുൻപ് നടന്ന കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇരയാണ് സുജിത്ത്. രണ്ടുവർഷത്തോളം നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് സ്റ്റേഷനിലെ ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്തിന് ലഭിച്ചത്.
ഇത് പുറത്തുവന്നതോടെ കുന്നംകുളം പൊലീസിനെതിരെ രൂക്ഷമായ വിമർശനമാണുണ്ടായത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു.ഇത് ഇഷ്ടപ്പെടാതെ വന്ന കുന്നംകുളം എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പൊലീസിനെ കൃത്യനിർവഹണം ചെയ്യാൻ തടസമുണ്ടാക്കി എന്ന വ്യാജക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.




