
വോട്ടര്‍ പട്ടിക ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടതെന്ന് മന്ത്രി പി രാജീവ്. ഒരന്വേഷണവും നടത്തില്ല എന്ന കമ്മീഷന്റെ നിലപാട് ശരിയല്ല. ആക്ഷേപങ്ങൾ സുപ്രീംകോടതി പരിശോധിക്കുകയാണ്. കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി രാജീവ് പറഞ്ഞു.
വോട്ട് ചോരി ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ന് വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേളനം വിളിച്ചിരുന്നു. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി വോട്ടർമാരുടെ സ്വകാര്യത ലംഘിക്കുകയാണ് ചെയ്തതെന്നും ആരോപണങ്ങളിൽ അന്വേഷണം നടത്തില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. അന്വേഷണം നടത്തില്ലെന്ന കമ്മീഷന്റെ നിലപാട് ശരിയല്ലെന്നും വോട്ടര്‍ പട്ടിക ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുകയാണ് കമ്മീഷൻ ചെയ്യേണ്ടതെന്നും പി രാജീവ് പറഞ്ഞു.