കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. പത്തനംതിട്ട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെട്ടിടം ശോചനീയവസ്ഥയിലെന്ന് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയതെന്നും അത് പരിഹരിക്കാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അവശ്യമായ തുക വകയിരുത്തിയത്. അതിന് ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നാല് പുതിയ കെട്ടിടങ്ങള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. ബിന്ദുവിന്റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അടുത്ത ക്യാബിനറ്റില്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കും എന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കുന്നത് ആണോ ആവശ്യമെന്നും അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്നും അദ്ദേഹം ചോദിച്ചു. റോഡപകടം ഉണ്ടായാല്‍ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോ എന്നും വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോ ആവശ്യം എന്നും മന്ത്രി ചോദിക്കുന്നു.
കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടമുണ്ടായി. ആരെങ്കിലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ എന്നും മന്ത്രി വാസവന്റെ ചോദ്യം. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേല്‍ പരിഹരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഡോ ഹാരിസ് ചിറക്കല്‍ മികച്ച ഡോക്ടറാണ്.കേരള ജ്യോതി പുരസ്‌കാരം നല്‍കി ആദരിച്ച ഡോക്ടറാണ്.അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് രോഗികള്‍ കാണുന്നത്.പരാതിയുന്നയിച്ച ഡോക്ടര്‍ക്കെതിരെ എന്തിനാണ് നടപടിയെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.